Kerala
മാൽപെയുടെ കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും, വീട് നിർമ്മിക്കാനുള്ള സഹായവും നൽകും: മനാഫ്
കോഴിക്കോട്: പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്ന് മനാഫ്.
വീട് നിർമ്മിക്കാനുള്ള സഹായവും നൽകും. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ടെന്ന് ഈശ്വർ മാൽപെയും പറഞ്ഞു.
നമ്മൾ കൂട്ടിപിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെയെന്ന് മനാഫ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ‘എല്ലാവരും ചേർന്ന് മക്കളുടെ ചികിത്സ എത്രയും പെട്ടന്ന് ഏറ്റെടുത്ത് നടത്തും. മനാഫ് ചാരിറ്റബൾ എന്ന പേരിൽ പുതിയതായി ഒരു ട്രസ്റ്റ് പൂരീകരിച്ചിട്ടുണ്ട്. ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇതിലും നന്നായി കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമുണ്ട്. കേരളത്തെ മൊത്തം കൂട്ടി നല്ലൊരു വീടും കുട്ടികൾക്ക് താമസിക്കാവുന്ന തരത്തിൽ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം. മാൽപെയെ കൂടാതെ റെസ്ക്യൂ ടീമിൽ കുറച്ചുപേരുണ്ട്. അവരുടെ അവസ്ഥയും പരിതാപകരമാണ്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് തീർക്കും’, മനാഫ് പറഞ്ഞു.