Kerala

മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ

Posted on

കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐ നൽകിയ പരാതിയിലെ എട്ടാംപ്രതിയാണ് ഇജിലാൽ. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയകേസിൽ കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസർ അബ്ദുൾ റഹ്മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായതും നാസറിന് കുത്തേൽക്കുകയും ചെയ്തത്.

വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകനായ അമൽ ടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version