India

ചെങ്കൊടി തണലിൽ ശ്രീലങ്ക; ജനനായകനായി അനുര കുമാര ദിസനായകെ

Posted on

ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് കമ്മ്യൂണിസ്റ്റ് നേതാവും നാഷണൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണി പോരാളിയുമായ അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ത്ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംഘട്ട മൂല്യനിർണയത്തിലൂടെയാണ്  വിജയിയെ നിർണയിച്ചത്. നാഷണൽ പീപ്പിൾസ് പവർ എന്ന ഇടതുപക്ഷ വിശാലസഖ്യത്തിലെ മുഖ്യകക്ഷിയായ ജനത വിമുക്തി പെരുമുന പാർട്ടിയുടെ നേതാവാണ് അനുര.

നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് അനുരയുടെ തേരോട്ടം.വിജയം ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റായിട്ടാണ്  അദ്ദേഹം ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) നേതാവും മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകൾ ലഭിച്ചു. അതേസമയം റെനില്‍ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകൻ നമല്‍ രാജപക്‌സെ 2.5 ശതമാനം വോട്ടും സ്വന്തമാക്കി.

2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. രാജ്യത്തെ 22 ഇലക്ട്രല്‍ ജില്ലകളിലായി  13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ്  വോട്ടെടുപ്പ് നടന്നത്. 17 ദശലക്ഷം വോട്ടര്‍മാരിൽ 75 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version