India
രാജ്യ വികസനത്തിനായി അഡ്വാനിയുടെ സംഭാവന വലുത്; സ്വാഗതം ചെയ്ത് ശരദ് പവാര്‍
പൂനെ: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍കെ അഡ്വാനിക്കു ഭാരത രത്ന നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍സിപി നേതാവ് ശരദ് പവാര്‍. അത്യധികം സന്തോഷമുളവാക്കുന്ന തീരുമാനമാണിതെന്ന് പവാര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി അഡ്വാനി നല്കിയ സംഭാവനകള്‍ വലുതാണെന്ന് പവാര്‍ അഭിപ്രായപ്പെട്ടു.
താനും അഡ്വാനിയും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികള്‍ പിന്തുടരുന്നവരാണ്. എന്നാല്‍ പാര്ലമെന്റേറിയന് എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ബിജെപി നേതാവിന്റെ സംഭാവനകള്‍ മികച്ചതാണ്. രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹത്തിന്റെ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, അഡ്വാനിക്കു ഭാരത രത്ന നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.