India
കുവൈത്തിലെ ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അഗ്നിരക്ഷാ സേന; സ്ഥിരീകരണം വിശദമായ പരിശോധനയ്ക്ക് ശേഷം
കുവൈത്തിലെ ലേബര്‍ ക്യാംപിലെ അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് സ്ഥിരീകരണം. അഗ്നിരക്ഷാ സേനയുടെ വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യം തീപിടിച്ച സെക്യൂരിറ്റി ജീവനക്കാരുടെ മുറിയില്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി. പാചക വാതക സിലിണ്ടറില്‍ നിന്നും ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ മുറികള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതാണ് കറുത്ത പുകയ്ക്ക് കാരണമായത്. ഇത് അതിവേഗത്തില്‍ മുകളിലെ നിലകളിലേക്ക് പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കൂടാതെ ടെറസിലേക്കുളള വാതിലുകള്‍ പൂട്ടിയിരുന്നതിനാല്‍ അതുവഴിയും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇതുമൂലം മുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ഇതിന് കഴിയാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നു. പുലര്‍ച്ചെ നടന്ന അപകടമായിരുന്നതിനാല്‍ ഭൂരിഭാഗം താമസക്കാരും ഉറക്കത്തിലായിരുന്നു. അതിനാല്‍ കനത്ത പുകയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കാന്‍ സമയമെടുത്തു. മരിച്ചവരില്‍ 48 പേരും പുക ശ്വസിച്ചത് കാരണമാണ് മരിച്ചത്. 2 പേര്‍ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്.
ആറുനില കെട്ടിടത്തില്‍ 72 മുറികളിലായി 196 പേരാണ് താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നതിനാല്‍ അപകട സമയത്ത് 176 പേരാണ് ഉണ്ടായിരുന്നത്.