Kottayam
കോട്ടയം റയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം; പ്രതിയെ പൊക്കി പോലീസ്
കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ മൊബൈൽ ഫോൺ മോഷണം. കഴിഞ്ഞ ദിവസം യാത്രക്കാരന്റെ മൊബൈൽ ഫോണാണ് കവർന്നതെങ്കിൽ ഇന്ന് റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിലെ പരിചാരകന്റെ ഫോണാണ് മോഷ്ടാവ് അടിച്ചു മാറ്റിയത്. എന്തായാലും രണ്ടു കേസിലും മണിക്കൂറുകൾക്കം പ്രതികളെ കോട്ടയം റെയിൽവേ പൊലീസ് സംഘം പൊക്കി അകത്താക്കി. ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പാലാ ളാലം മുണ്ടയ്ക്കൽ വീട്ടിൽ വിഷ്ണു പ്രഭാകരനെ(24)യാണ് കോട്ടയം റെയിൽവേ സ്‌റ്റേഷൻ എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. റെയിൽവേ സ്‌റ്റേഷനിലെ വിശ്രമ മുറിയിൽ പ്രവേശിച്ച മോഷ്ടാവ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത ശേഷം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട് ഈ സമയം പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ റെഷൻ , ശ്രീജിത്ത് എന്നിവർ ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് എസ്.എച്ച്.ഒ റെജി പി.ജോസഫ് ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉടനടി തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തെ റെയിൽവേ ഡിവൈഎസ്പി ജോർജ് ജോസഫ് അഭിനന്ദിച്ചു.