Kerala
തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകളുടെ നിരക്ക് കൂട്ടി; സർവീസുകൾ വെട്ടിക്കുറച്ചു
തിരുവനന്തപുരം: ഇലക്ട്രിക്ക് ബസുകളുടെ നിരക്കും സമയവും മാറ്റിയതിൽ പരാതിയുമായി കോർപ്പറേഷൻ. ഇലക്ട്രിക് ബസ്സുകൾ ലാഭത്തിലല്ലെന്ന ഗണേഷ്‌കുമാറിന്റെ നിലപാടിന് പിന്നാലെയാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. മിനിമം നിരക്ക് 12 ആക്കിയ തീരുമാനം കഴിഞ്ഞ ദിവസമാണ് വന്നത്. ചർച്ചകൾ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോപ്പറേഷന്റെ വിമർശനം. എന്നാൽ നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം.
എട്ട് സർക്കിളുകളിൽ നിന്ന് രണ്ടു ബസ്സുകൾ വീതം ഇതിനകം പിൻവലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാർ വലഞ്ഞു. സിറ്റി സർവ്വീസുകൾ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റി. ഇ ബസ്സുകളുടെ സമയ ദൈർഘ്യം 15 മിനുട്ടിൽ നിന്ന് 25 മിനുട്ടാക്കി.
കോർപ്പറേഷൻ പങ്കാളിത്തോട് കൂടിയാണ് ഇ ബസ് പദ്ധതി. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോർപ്പറേഷന് അതൃപ്തിയുണ്ട്. മേയർ ഉടൻ നിലപാട് ഗതാഗതമന്ത്രിയെ അറിയിക്കും. മന്ത്രിയുടെ പരിഷ്കാരങ്ങളിൽ കോർപ്പറേഷന് പുറമെ വട്ടിയൂർകാവ് എംഎൽഎക്കും നേരത്തെ തന്നെ എതിർപ്പുണ്ടായിരുന്നു. അതേ സമയം നിരക്ക് കൂട്ടിയത് ലാഭം കൂട്ടാനാണെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. റൂട്ട് പുനക്രമീകരണവും നഷ്ടം കുറക്കാനാണെന്നും പറയുന്നു.