Kerala
യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു
മൂന്നാർ: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവർ ഒളിവില്‍ പോയി.
ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറിൽ നിന്ന് തേനിക്ക് പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് മദ്യ ലഹരിയിലായിരുന്ന ഇയാൾ ബസിനുള്ളിൽ കയറി ജോബിനെ മർദിക്കുകയായിരുന്നു.
തുടർന്ന് ജീപ്പുമായി ദേവികുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.