Kottayam
കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കും; കോട്ടയം ഡിപ്പോയ്ക്ക് 5 ബസും കുമളി ഡിപ്പോയ്ക്ക് 6 ബസും അനുവദിച്ചു
കറുകച്ചാൽ ∙ കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. കോവിഡ് കാലം മുതൽ താളം തെറ്റിയ ഈ സേവനം ഓർഡിനറി ചെയിൻ സർവീസ് ആയാണു പുനരാരംഭിക്കുന്നത്. ഇതിനായി കോട്ടയം ഡിപ്പോയ്ക്ക് 5 ബസും കുമളി ഡിപ്പോയ്ക്ക് 6 ബസും അനുവദിച്ചു. മറ്റ് ഡിപ്പോകളിൽ നിന്നു ബസുകൾ എത്തിച്ചാണു സർവീസ്. കോട്ടയം ഡിപ്പോയിലെ ഒരു ബസും ഈ സർവീസിന് ഉപയോഗിക്കും. അങ്ങനെ 12 ബസുകൾ ചെയിൻ സർവീസിന്റെ ഭാഗമാകും.
ബസുകളുടെ സമയക്രമീകരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായാൽ ഉടൻ സർവീസുകൾ ഉദ്ഘാടനം ചെയ്യും. 2000ൽ കോട്ടയം ഡിപ്പോയിൽ നിന്നാണു കോട്ടയം – കുമളി സർവീസ് ആരംഭിക്കുന്നത്. 2003ൽ കുമളി ഡിപ്പോ തുടങ്ങിയതോടെ സർവീസുകളുടെ എണ്ണം കൂട്ടി. ആദ്യം ഫാസ്റ്റ് പാസഞ്ചറായി തുടങ്ങിയ സർവീസുകൾ പിന്നീട് ലിമിറ്റഡ് സ്റ്റോപ് ബസുകളാക്കി. പുലർച്ചെ 3 മുതൽ ആരംഭിച്ചിരുന്ന സർവീസുകൾ പകൽ അര മണിക്കൂറും രാത്രി ഒരു മണിക്കൂറും ഇടവിട്ട് സർവീസ് നടത്തിയിരുന്നു.
ജില്ലയിൽ 3 പുതിയ സർവീസുകൾ
1. പാലാ –തെങ്കാശി ഫാസ്റ്റ് പാസഞ്ചർ(ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ആര്യങ്കാവ്, ചെങ്കോട്ട വഴി)
∙ഉച്ചകഴിഞ്ഞ് 3ന് പാലായിൽനിന്ന്.
∙രാവിലെ 6.30ന് തെങ്കാശിയിൽനിന്ന്.
2. പാലാ – ചെറുപുഴ സൂപ്പർ ഫാസ്റ്റ്(തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, തൃശൂർ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ആലക്കോട് വഴി)
∙പുലർച്ചെ 4.20ന് പാലായിൽനിന്ന്.
∙രാവിലെ 6ന് ചെറുപുഴയിൽനിന്ന്.
3. കോട്ടയം– കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്(മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴി)
∙വൈകിട്ട് 5ന് കോട്ടയത്തുനിന്ന്.
∙വൈകിട്ട് 4.30ന് കൊന്നക്കാട്ടുനിന്ന്.
കമ്പത്തിന് ഇന്റർസ്റ്റേറ്റ് സർവീസ്
കോട്ടയത്തുനിന്നു കമ്പത്തിന് അടുത്ത ദിവസം ഇന്റർസ്റ്റേറ്റ് സർവീസ് തുടങ്ങും. ഇതിനായി 5 ബസുകൾ അനുവദിച്ചു. സർവീസ് ലാഭമായാൽ കൂടുതൽ സർവീസുകൾ നടത്തും.