Kerala
ഏസിയും ഫാനൊന്നും വേണ്ട; വേനൽക്കാലത്ത് അധികനിരക്ക് ഈടാക്കാന്‍ KSEB
വൈദ്യുതി നിരക്ക് വർധനയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അധികഭാരം അടിച്ചേൽപ്പിക്കാൻ കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനൽക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കിൽ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാർശ സമർപ്പിച്ചു.
ജനുവരി മുതൽ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്‌തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാൽ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മർ താരിഫ് എന്ന പേരിൽ വേനൽക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാൻ ഇറങ്ങുന്നത്.
യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോർഡിന്റെ പോക്കറ്റിലെത്തും. വൈദ്യുതി നിരക്കും സർചാർജുമെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് സമ്മർതാരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്.