Kerala

പിണറായിയുടെ കച്ചിതുരുമ്പിന് പ്രതിപക്ഷം കുടപിടിക്കുന്നു; സതീശന്റെ തലയില്‍ കളിമണ്ണ്; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

Posted on

ഏറ്റവും മണ്ടന്മാരായ നേതൃത്വമാണ് യുഡിഎഫിന് ഇപ്പോഴുള്ളത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുകയാണ്. ജനങ്ങളില്‍ നിന്ന് അകന്ന എല്‍ഡിഎഫിന്റെ ഏക തുറുപ്പുചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുള്ള വിവേചനബുദ്ധി കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്കില്ലാതായി പോയി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തലയില്‍ കളിമണ്ണാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

കേരളം എവിടെയാണ് അവഗണിക്കപ്പെട്ടതെന്ന് തുറന്ന സംവാദത്തിന് യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തുകയാണ് സംസ്ഥാനത്തിന് കേന്ദ്രം നീക്കിവെച്ചത്. നികുതിയിനത്തില്‍ മാത്രം 3000ത്തിലധികം കോടി രൂപയാണ് കേരളത്തിന് അധികം അനുവദിച്ചത്. 300 കോടി മുതല്‍ 400 കോടി വരെയാണ് യുപിഎയുടെ കാലത്ത് കേരളത്തിൻ്റെ റെയില്‍വെ വികസനത്തിന് ലഭിച്ചിരുന്നത്. ഇത്തവണ 3011 കോടി രൂപയാണ് ഈവകയിൽ കിട്ടിയത്. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തിന്റെ പേര് പറഞ്ഞില്ല എന്നാണ് വിമര്‍ശനം. സംസ്ഥാന ബഡ്ജറ്റില്‍ 14 ജില്ലകളുടേയും പേരു പറയാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ബിജെപി കേരളത്തിന് വട്ടപൂജ്യമാണ് നല്‍കിയതെന്ന കെ.മുരളീധരന്റെ ആരോപണത്തിനും സുരേന്ദ്രന്‍ മറുപടി നല്‍കി. അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയില്‍ ചേരാതെ കെ.മുരളീധരന്‍ നിയമസഭയില്‍ കയറില്ല. മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version