Kerala
കൂടോത്രത്തില്‍ സുധാകരന് പരാതിയില്ല; കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിലും ഓഫീസിലും കൂടോത്രം കണ്ടെത്തിയ വിവാദത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. സംഭവത്തില്‍ സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചത്. കൂടോത്രം വച്ചതിന് തെളിവില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സുധാകരനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴും പരാതിയില്ലെന്നാണ് അറിയിച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ മാധ്യമ വാര്‍ത്തകളിലെ വിവരം മാത്രമേയുള്ളൂവെന്നാണ് പറഞ്ഞിരിക്കുന്നത്. കെപിസിസി ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടോത്രത്തെ കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് ഓഫിസില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി ഓഫിസ് ജീവനക്കാരും മൊഴി നല്‍കിയത്. തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
സുധാകരന്റെ വീട്ടില്‍ കൂടോത്രം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹാഫിസാണ് പരാതി നല്‍കിയത്. സുധാകരന്റെ ജീവന്‍ അപകടപ്പെടുത്താനുള്ള ശ്രമാണ് നടന്നതെന്നാണ് വ്യക്തമായിരിക്കുന്നതെന്നും ഇതിന് പിന്നാല്‍ ആരാണെന്ന് കണ്ടെത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഈ പരാതിയിലാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഒന്നര വര്‍ഷം മുമ്പ് കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. കണ്ണൂരിലെ വീട്ടില്‍ കൂടാതെ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലും കെപിസിസി ഓഫീസിലും ഇത്തരത്തില്‍ കൂടോത്ര സാമഗ്രികള്‍ കണ്ടെത്തി. ഇക്കാര്യം സുധാകരന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.