Kerala
പാര്‍ട്ടിയിലെ വിമര്‍ശനങ്ങളില്‍ സതീശന് അതൃപ്തന്‍; ‘മിഷന് 25’ വിശദീകരിക്കാന്‍ എത്തിയില്ല; സ്ഥിരീകരിച്ച് സുധാകരനും
കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് അതൃപ്തന്‍. ഇന്ന് ചേര്‍ന്ന തിരുവനന്തപുരം ജില്ല ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നാണ് സതീശന് അതൃപ്തി പ്രകടിപ്പിച്ചത്. വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ മിഷന് 25 എന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഇക്കാര്യം എല്ലാ ജില്ലകളിലും ഭാരവാഹി യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സതീശനെയാണ് ചുമതലപ്പെടുത്തിയത്. ഇതന്റെ ഭാഗമായാണ് ഇന്ന് തിരുവനന്തപുരം ഡിസിസിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. സതീശന് എത്താതിരുന്നതിനാല്‍ ആ യോഗത്തില്‍ മിഷന് 25 റിപ്പോര്‍ട്ട് ചെയ്തില്ല.
ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സതീശനെതിരെ വിമര്‍ശനമുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ സതീശന് എത്താത്തിന് കാരണം ഈ വിമര്‍ശനമാണെന്നും സുധാകരന് തുറന്ന് സമ്മതിച്ചു. ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ആണ് ഇതിന് കെപിസിസി പ്രസിഡന്റ് നല്കുന്ന ന്യായീകരണം. സുധാകരന് ലഘുവായി കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അത്രയും ലഘുവല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ അസ്വസ്ഥതകള്‍ പലവട്ടം പ്രകടമായി പുറത്തുവന്നിട്ടുണ്ട്. അവസാനം വന്ന കൂടോത്ര വിവാദത്തിലും സതീശന് കടുത്ത നീരസമുണ്ട്. ഇക്കാര്യങ്ങള്‍ വയനാട്ടിലെ നേതൃ ക്യാംപില്‍ സതീശന് തുറന്ന് പറയുകയും ചെയ്തു. ഇത് വാര്‍ത്തയായതിന്റെ ഉത്തരവാദിത്വം സതീശനാണെന്ന് ആരോപിച്ചായിരുന്നു ഭാരവാഹി യോഗത്തില്‍ വലിയ വിമര്‍ശനമുണ്ടായത്.
സതീശന് സമാന്തര രാഷട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു പ്രധാന വിമര്‍ശനം. കെപിസിസി അയക്കുന്ന സര്‍ക്കുലറിന് സമാന്തരമായി സതീശന് ഡിസിസി ഭാരവാഹികള്‍ക്ക് നിര്‍ദേശങ്ങള്‍ അയക്കുന്നു, കെപിസിസി അറിയാതെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു, ജില്ലയുടെ ചുമതലയുള്ള പ്രധാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിക്കുന്നു, പേഴ്സണല്‍ സ്റ്റാഫ് അഡമിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി നിര്‍ദേശങ്ങള്‍ നല്കുന്നു ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. കെപിസിസി പ്രസിഡന്റിനെ സതീശന് മറികടന്ന് പ്രവര്‍ത്തിക്കുന്നു എന്നു തന്നെയാണ് ഈ വിമര്‍ശനങ്ങളുടെയെല്ലാം ചുരുക്കം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ചിലര്‍ എഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് അടിയന്തര യോഗം വിളിച്ചത്.