Kerala

ഇത്രമേല്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ മുഖ്യമന്ത്രി മൂടിവച്ചത് എന്തിനെന്ന് മലയാളികള്‍ക്ക് മനസിലാകുമെന്ന് കെപിസിസി പ്രസിഡന്റ്

Posted on

തിരുവനന്തപുരം: ഇത്രമേല്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ മുഖ്യമന്ത്രി മൂടിവച്ചത് എന്തിനെന്ന് മലയാളികള്‍ക്ക് മനസിലാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും, സ്ത്രീകളോട് ‘അന്തസ്സില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം എന്നും കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം നേരിടുന്ന വലിയ അവഗണനകളുടെയും, പീഡനങ്ങളുടെയും ഗുരുതരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇടതുസര്‍ക്കാര്‍ എത്രതന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചാലും, ഇനി വരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇത്രമേല്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും നാള്‍ പിണറായി വിജയന്‍ മൂടിവച്ചത് എന്തിനെന്നു മലയാളികള്‍ക്ക് മനസിലാകും. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും, സ്ത്രീകളോട് ‘അന്തസ്സില്ലാതെ’ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് നന്നായി അറിയാം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം നേരിടുന്ന വലിയ അവഗണനകളുടെയും, പീഡനങ്ങളുടെയും അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ല. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ഒരു ക്ലാര്‍ക്കിനെ പോലും സഹായത്തിനായി ഏര്‍പ്പെടുത്താതെ ഒറ്റയ്ക്കിരുന്നു ഏറെ പ്രയാസപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കേരളത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നന്ദി പറയുന്നു. മൂന്നാംകിട ഗുണ്ടായിസം മാത്രം അറിയാവുന്നൊരു മുഖ്യമന്ത്രി നയിക്കുന്ന ഭരണസംവിധാനത്തില്‍ ഇത്രയും മികച്ച രീതിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് താങ്കള്‍ക്ക് സമര്‍പ്പിക്കേണ്ടി വന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്.

കെ കെ ശൈലജയും ഗോവിന്ദനും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത കാഫിര്‍മാരെ സമൂഹം കൈയ്യോടെ പിടികൂടിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണെങ്കിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോഴെങ്കിലും പുറത്ത് വിടാന്‍ തോന്നിയത് വലിയ കാര്യം. വിജയന് നന്ദി!

‘തവള ചത്താല്‍ വാര്‍ത്ത പാമ്പ് ചാകുന്നത് വരെ ‘ എന്ന തന്റെ സിദ്ധാന്തം ഇനിയും ഇവിടെ ചിലവാകില്ലന്ന് വിജയന്‍ മനസ്സിലാക്കണം. കേരളത്തെ ഏറ്റവും ക്രൂരമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ഗോവിന്ദ-ശൈലജ സൃഷ്ടിയിലെ കാഫിര്‍മാരെയും കോണ്‍ഗ്രസ് വെറുതെ വിടാന്‍ പോകുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. വിജയന്‍ എത്ര തന്നെ സംരക്ഷിച്ചു പിടിക്കാന്‍ ശ്രമിച്ചാലും, 2026-ല്‍ അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ വാക്ക് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version