Kerala
ഇനി ഫണ്ട് തട്ടിക്കല്‍ ആരോപണം വേണ്ട; വയനാടിനായുള്ള ധനസമാഹരണം മൊബൈല്‍ ആപ്പ് വഴിയാക്കി കെപിസിസി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ധനസമാഹരണം മൊബൈല്‍ ആപ്പ് വഴി മാത്രമാക്കി കോണ്‍ഗ്രസ്. ഇതിനായി സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐഎന്‍സി എന്ന പേരില്‍ മൊബൈല്‍ ആപ്പ് കെപിസിസി പുറത്തിറക്കും. തിങ്കളാഴ്ച മുതലാണ് ധനസമാഹരണം തുടങ്ങുന്നത്. ഫണ്ട തട്ടിപ്പ് ആരോപണങ്ങള്‍ ഒഴിവാക്കാനാണ് പൂര്‍ണ്ണമായും ആപ്പ് വഴി പണം സ്വീകരിക്കുന്നത്.
പ്ലേ സ്റ്റോര്‍,ആപ്പ് സ്റ്റോര്‍ എന്നിവ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും രണ്ട് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചാല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ഉടന്‍ ലഭിക്കും. ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും ഉള്‍പ്പെടെയുള്ളവയുടെ ഭാരവാഹികളും ഫണ്ട് ഈ ആപ്പ് ഉപയോഗിച്ച് നല്‍കണമെന്ന് കെപിസിസി നിര്‍ദേശം നല്‍കി. വയനാട് ധനസമാഹരണത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.