Kerala
അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പതിനൊന്നുകാരിക്ക് തുണയായത് പൊലീസുകാർ
കോട്ടയം: അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പതിനൊന്നുകാരിക്ക് തുണയായത് പൊലീസുകാർ. കോട്ടയം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ബാലഗോപാലും അജിത്ത് എം വിജയനും ചേർന്നാണ് കുഞ്ഞിന്റെ മാതാവ് ഫോണിൽ വിവരം പറഞ്ഞതോടെ കുഞ്ഞിനെ തിരഞ്ഞ് ഇറങ്ങിയത്. അതിരമ്പുഴ സ്വദേശിനിയായ പെൺകുട്ടി ഏറ്റുമാനൂർ കുരിശുപള്ളി കവലയിലെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് ഈ പൊലീസുകാരുടെ ശ്രദ്ധയിൽപെടുകയും കുഞ്ഞിനെ സുരക്ഷിതയായി വീട്ടിലെത്തിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടി അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയത്. അച്ഛൻ ജോലിചെയ്യുന്ന അങ്കമാലിക്ക് പോകാനായിരുന്നു കുട്ടിയുടെ ഉദ്ദേശം. നേരത്തെ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ വീട്ടിൽ എൻക്വയറി നടത്താൻ വി.വി. ബാലഗോപാലൻ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കുട്ടിയുടെ അമ്മയുടെ കൈവശം ഉണ്ടായിരുന്നതാണ് തുണയായത്. പേരൂർ ഭാഗത്താണ് വാറണ്ട് പ്രതികൾക്കായി പോലീസുകാർ അന്വേഷണം നടത്തവെയാണ് കുട്ടിയുടെ അമ്മയുടെ ഫോൺകോൾ എത്തിയത്. ബാലഗോപാലും ,അജിത്തും അതിരമ്പുഴ സ്കൂൾ ഭാഗത്തേക്ക് അന്വേഷണത്തിനായി വരുംവഴിയാണ് കുരിശുപള്ളി കവലയിൽ കുഞ്ഞിനെ കണ്ടത്. ഒരുമിനിട്ട് താമസിച്ചിരുന്നുവെങ്കിൽ കുട്ടിറോഡ് മുറിച്ചുകടന്ന് ബസ്‌സ്റ്റാൻഡിൽ എത്തി ഏതെങ്കിലും ബസിൽ കയറി പോകുമായിരുന്നുവെന്ന് പോലീസുകാർ പറയുന്നു.
കുട്ടിയെ തിരയാൻ അഭ്യർഥിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ഏറ്റുമാനൂർ പ്രദേശത്ത് കറങ്ങുന്നു എന്ന പ്രചാരണവും വലിയ ആശങ്ക ഉണ്ടാക്കി.