Kerala
കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ; പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും
തിരുവനന്തപുരം: കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ യുഡിഎഫിൽ ധാരണയായി. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. എന്നാൽ യുഡിഎഫിലെ എല്ലാ കക്ഷികളുമായി ചർച്ച പൂർത്തിയായ ശേഷമേ സീറ്റ് ആർഎസ്പിക്ക് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ആ സാങ്കേതികത്വം കണക്കിലെടുത്താണ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവച്ചത്.
കഴിഞ്ഞ രണ്ടു തവണയായി കൊല്ലം യുഡിഎഫിനായി നിലനിർത്തുന്ന ആർഎസ്പിക്കും എൻ.കെ.പ്രേമചന്ദ്രനും സീറ്റ് നൽകാൻ കോൺഗ്രസ്–ആർഎസ്പി ചർച്ചകളിൽ ഏറെ ആലോചന വേണ്ടിവന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോൾ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രൻ അല്ലാതെ മറ്റാർക്കാണ് സീറ്റ് എന്നും ചർച്ചകൾക്കു ശേഷം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ചോദിച്ചു.
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവർ കോൺഗ്രസിനായി ചർച്ചകളിൽ പങ്കെടുത്തു. ഷിബുവും പ്രേമചന്ദ്രനും കൂടാതെ എ.എ.അസീസും ബാബു ദിവാകരനും ആർഎസ്പിയെ പ്രതിനിധീകരിച്ചു.
കേരള കോൺഗ്രസുമായും (ജേക്കബ്) ഉഭയകക്ഷി ചർച്ച നടത്തി. ലോക്സഭാ സീറ്റ് അവകാശവാദം അവർ ഉന്നയിച്ചില്ല. ജില്ലാ യുഡിഎഫ് ഘടകങ്ങളുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്തി.