Kerala
കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസ്, നഷ്ടമായത് ബിജെപിയുടെ പണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊടകരയിലേത് കള്ളപ്പണക്കേസല്ലെന്നും കവർച്ചാക്കേസാണെന്നുമാണ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് വേണ്ടി കർണാടകയിൽ നിന്ന് ബിജെപി കേരളത്തിലെത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ കൊടകരയിൽ വെച്ച് തട്ടിയെടുക്കുകയായിരുന്നു. സംഭവം നടന്ന് ഏപ്രിൽ നാലാകുമ്പോൾ മൂന്ന് വർഷം പൂർത്തിയാകും.
ആദ്യ ഘട്ടത്തിൽ കേസന്വേഷണം തകൃതിയായി മുന്നോട്ടുപോയി. പക്ഷേ പിന്നീട് അന്വേഷണം മന്ദഗതിയിലായി. അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തതോടെ അന്വേഷണം ഏതാണ്ട് പൂർണമായും നിലച്ചു. പ്രതികളെല്ലാം ജാമ്യത്തിലും ഇറങ്ങി. ഇതോടെ സിപിഐഎം ബിജെപി ധാരണയെത്തുടർന്ന് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവും ഉയർന്നു. അവിടുന്ന് ഇങ്ങോട്ട് സിപിഐഎം നേതാക്കളോ ബിജെപി നേതാക്കളോ ഈ കേസിനെ കുറിച്ച് അധികമൊന്നും പരസ്യമായി സംസാരിക്കാറുമില്ല. കൊടകരയിൽ കവർന്ന മൂന്നരക്കോടി രൂപയിൽ 1.4 കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ള രണ്ട് കോടി രൂപ എവിടെ പോയെന്ന് ഇപ്പോഴും ആർക്കുമറിയില്ല എന്ന് സുരേന്ദ്രൻ പറഞ്ഞു.