Kerala
കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു.
‘കൊച്ചി സ്പോർട്സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ മൾട്ടി സ്പോർട്സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ 40 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ–സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോൺ, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്പോർട്സ് സിറ്റിയിലുണ്ടാകുക.