കൊച്ചി– ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു. മാർച്ച് 28ന് ഗാറ്റ്‍വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. സർവീസ് തുടരണമെന്ന ആവശ്യമുന്നയിച്ച് യുകെ മലയാളികൾ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തുടങ്ങി, എന്നാൽ ഏജൻസികൾക്ക് നൽകിയിരിക്കുന്ന നിർദേശം മാർച്ച് 29 ന് ശേഷം ബുക്കിംഗുകൾ സ്വീകരിക്കേണ്ടെന്നതാണ്.

സർവീസ് ആരംഭിച്ച് നാലര വർഷത്തിന് ശേഷമാണ് നിർത്തലാക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാറ്റ്‍വിക്കിലേക്കും സർവീസ് നടത്തിയിരുന്നത്.
2020 ൽ കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് സർവീസ് ആരംഭിച്ചിരുന്നത്. യാത്രക്കാർ വർധിച്ചതോടെയാണ് ഒരു ദിവസം നടത്തിയിരുന്ന സർവീസ് മൂന്ന് ദിവസമായി വർധിപ്പിച്ചിരുന്നത്. എല്ലാ സർവീസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് സർവീസ് നിർത്താനുള്ള കാരണമായി അനൗദ്യോഗികമായി പറയുന്നത് വിമാനങ്ങളുടെ അഭാവമെന്നാണ്. ലണ്ടൻ മലയാളികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് സർവീസ് നിർത്തുന്നതിലൂടെ ഉണ്ടായിരിക്കുന്നത്.

