Kerala

ക്നാനായ സഭ പിളര്‍പ്പിലേക്ക്; സ്വതന്ത്ര സഭാ പ്രഖ്യാപനം ഉടന്‍; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിനെ സമുദായ മെത്രാപോലീത്തയാക്കാന്‍ അന്ത്യോഖ്യാ വിഭാഗം

Posted on

കോട്ടയം : രാഷ്ട്രീയ പാര്‍ട്ടികളുടെ കുതികാല്‍ വെട്ടിന്റെ മാതൃകയില്‍ കേരളത്തിലെ ക്‌നാനായ യാക്കോബായ സഭയും പിളര്‍പ്പിലേക്ക്. ഇപ്പോഴത്തെ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സഭയായി മാറാനാണ് തീരുമാനം. ഈ മാസം 21ന് യോഗം ചേര്‍ന്ന് ഇക്കാര്യം പ്രഖ്യാപിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇത് മണത്തറിഞ്ഞ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ തന്നെ സസ്‌പെന്റ് ചെയ്ത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയും കളത്തില്‍ ഇറങ്ങി. ഇതോടെ 21 വരെ കാക്കാതെ ഇന്ന് തന്നെ സതന്ത്ര സഭയായി നില്‍ക്കുമെന്ന് സേവേറിയോസ് അനുകൂലികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

സഭയിലെ വിമത നീക്കങ്ങള്‍ക്കെതിരെ സഭയുടെ ആധ്യാത്മിക തലവനായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്വതന്ത്ര സഭയാക്കാനുള്ള നീക്കം പൊളിക്കുന്നതിന്റെ ഭാഗമായി വള്ളംകുളം ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിനെ സമുദായ മെത്രാപോലീത്തയായി പാത്രിയര്‍ക്കീസ് ബാവ നിയമിക്കാനും സാധ്യതയുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സമുദായ മെത്രാപോലീത്തയായ കുര്യാക്കോസ് മാര്‍ സേവേറിയോസ് നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനായി സഭാ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നതിനിടയിലാണ് പാത്രിയര്‍ക്കീസ് ബാവ അപ്രതീക്ഷ നീക്കത്തിലൂടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി, ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്‌നാനായ യാക്കോബായ സമുദായംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങിയ കാരണങ്ങളാണ് സസ്‌പെന്‍ഷന്‍ കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന ക്‌നാനായ അസോസിയേഷന്‍ യോഗത്തില്‍ വെച്ച് അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ബാവയുടെ പരമാധികാരം എടുത്തു കളയാനും ഭരണഘടന ഭേദഗതി ചെയ്യാനുമാണ് മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ ഒരുങ്ങുന്നത്.

പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആത്മീയവും ഭൗതികവുമായ അധികാരങ്ങളാണ് 1995 ല്‍ സുപ്രീം കോടതി അംഗീകരിച്ച ക്‌നാനായ സഭാ ഭരണ ഘടനയിലുള്ളത്. ഇതില്‍ ആത്മീയ അധികാരങ്ങള്‍ നിലനിര്‍ത്തി, ഭൗതികവും ലൗകികവുമായ അധികാരങ്ങള്‍ പൂര്‍ണമായും എടുത്തുകളയുന്ന വിധത്തിലാണ് ഭരണഘടനാ ഭേദഗതി തയ്യാറാക്കിയിട്ടുള്ളതെന്നാണറിയുന്നത്. പുതിയ ഭരണഘടനാ ഭേദഗതി അസോസിയേഷന്‍ അംഗീകരിച്ച് ക്‌നാനായ സഭയെ ഒരു സ്വതന്ത്ര സഭയാക്കി നിര്‍ത്തുമെന്നാണ് മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നേരത്തെ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. മാര്‍ സേവോറിയോസിന്റെ വിശദീകരണം പാത്രിയര്‍ക്കീസ് ബാവ ഓണ്‍ലൈന്‍ വഴി കേട്ടിരുന്നു. ഇത് തള്ളിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version