Kerala

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം സർക്കാരിനെതിരെ പ്രതിപക്ഷത്തിന് പുതിയ ആയുധം; വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി അനിശ്ചിത കാലത്തേക്ക് സഭ പിരിയും

Posted on

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി അനിശ്ചിത കാലത്തേക്ക് സഭ പിരിയും. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസവും സർക്കാരിനെതിരെ പുതിയ ആയുധവുമായാകും പ്രതിപക്ഷം സഭയിലെത്തുക. സപ്ലൈകോയിലെ വില വർധനവ് തന്നെയാകും ഇന്ന് സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.

സപ്ലൈകോയിലെ വില വർധനവിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവവും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. 2019ൽ കേന്ദ്ര നിയമ ഭേദഗതി വന്നിട്ടും സിഎംആർഎല്ലിനുള്ള കരിമണൽ ഖനന അനുമതി 2023ൽ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.

അതേസമയം, ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിൻറെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തോളം ടൺ കരിമണൽ സിഎംആർഎൽ കടത്തിയെന്ന് ഹർജിയിൽ ആരോപണം ഉണ്ട്. കരിമണൽ എടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെഎംഎംഎല്ലിൻറെയും സംസ്ഥാന സർക്കാരിൻറെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് എസ് സീതിലാലാണ് പരാതിക്കാരൻ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version