India
ജയിലുകള്‍ക്ക് ദുര്‍ബലപ്പെടുത്താന്‍ സാധിച്ചില്ല; മനോവീര്യം നൂറ് മടങ്ങ് വര്‍ധിച്ചു: അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹി: ജയിലുകള്‍ക്ക് തന്നെ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദൈവത്തിന്റെ അനുഗ്രഹമുള്ളത് കൊണ്ടാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ദൈവത്തോടൊപ്പം ഈ മഴയത്തും തന്നെ കാണാനെത്തിയ ലക്ഷക്കണക്കിനാളുകള്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
‘എന്റെ രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിന് വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു. പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ദൈവം എന്റെ കൂടെ നിന്നു. എന്റെ മനോവീര്യം തകര്‍ക്കാന്‍ അവര്‍ എന്നെ ജയിലിലടച്ചു. എന്നാല്‍ അതിനവർക്ക് സാധിച്ചില്ല. ജയിലുകള്‍ക്ക് എന്നെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ല. ജയിലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ എന്റെ മനോവീര്യം നൂറ് മടങ്ങ് വര്‍ധിച്ചു. എന്റെ ശക്തിയും നൂറ് മടങ്ങ് വര്‍ധിച്ചു,’ അദ്ദേഹം പറഞ്ഞു. രാജ്യ വിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.