Kerala
പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ വലിയ ഇളവുകള്‍ ലഭിക്കുമെന്ന പ്രചാരണം വിശ്വസിക്കരുതെന്ന് നിര്‍ദേശവുമായി കെഎസ്ഇബി. വാട്‌സ് ആപ്പിലൂടെ ഇത്തരമൊരു വ്യാജ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടാന്‍ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ കെ എസ് ഇ ബിയുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912 ല്‍ വിളിക്കുക. കെ എസ് ഇ ബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈല്‍ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ ലഭ്യമാണ്.
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമായി ലഭിക്കുംവൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെഎസ്ഇബി സൗജന്യമായി നല്‍കുന്നുണ്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വോള്‍ട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ 200 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം ഇപ്പോള്‍ വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ മതിയാകും.