Kerala
കാപ്പാക്കേസ് പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയാക്കി ഡി വൈ എഫ് ഐ നേതൃത്വം
പത്തനംതിട്ട : സിപിഐഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതിയെ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയാക്കി സംഘടന നേതൃത്വം. മലയാലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന ഡിവൈഎഫ്ഐ മേഖലാ കൺവൻഷനിലാണ് ശരൺ ചന്ദ്രനെ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.
ശരൺ ചന്ദ്രനെ ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നീക്കം നടന്നിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തതിനെ തുടർന്നാണ് ഡി വൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശരൺ ചന്ദ്രനെ തിരഞ്ഞെടുത്തത്.
സിപിഐഎമ്മിൽ ചേരുന്നതിന് മുമ്പ് ഡിവൈഎഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതി കൂടിയായിരുന്നു ശരൺ ചന്ദ്രൻ. രണ്ട് മാസം മുമ്പാണ് ബി ജെ പി വിട്ട് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിഐഎമ്മിൽ ചേർന്നത്. കാപ്പ കേസ് പ്രതിയായ ശരൺചന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത് വിവാദമായിരുന്നു.
മന്ത്രി വീണാ ജോർജ്ജും സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബി ജെ പി യിൽ പ്രവർത്തിച്ചപ്പോഴാണ് ശരൺ ചന്ദ്രൻ ക്രിമിനൽ കേസുകളിൽ പ്രതിയായതെന്നും ബി ജെ പിയും ആർ എസ് എസ്സും ശരൺ ചന്ദ്രനെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞാണ് ശരൺ ചന്ദ്രൻ സിപിഐഎമ്മിലേക്ക് ചേർന്നതെന്നുമായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.