Kerala

മണ്ഡലം തിരിച്ചുപിടിക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയുളള പരീക്ഷണം ഇക്കുറിയും തുടരുകയാണ് സിപിഎം

Posted on

2019 -ലെ അതേ പാറ്റേൺ ഇത്തവണയും പിന്തുടർന്നു സിപിഎം. പാർട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാ സെക്രട്ടറി മത്സരത്തിന്. പി ജയരാജനെ വടകരയിൽ ഇറക്കിയെങ്കിൽ എംവി.ജയരാജന് നിയോഗം കണ്ണൂർ തിരിച്ചുപിടിക്കാൻ. എംവി ജയരാജന് ഇത് പാർലമെന്‍റിലേക്ക് ആദ്യ പോരാട്ടമാണ്. എടക്കാട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പദവിയും കടന്നാണ് കണ്ണൂരിലെ പാർട്ടിയുടെ അമരത്തെത്തിയത്. വാക്കും വീറും കൊണ്ട് വിവാദങ്ങൾക്കൊപ്പം നടന്നയാളാണ് ജയരാജൻ.

ഇക്കുറി യുവനേതാക്കളെ കളത്തിലിറക്കാൻ തുടക്കത്തിൽ ആലോചിച്ച സിപിഎം, ജില്ലാ സെക്രട്ടറിയെ തന്നെ തെരഞ്ഞെടുത്തതിന് കാരണങ്ങൾ പലതാണ്. പാർട്ടി വോട്ടുകൾ ഒഴുകിപ്പോയത് 2019 -ൽ കെ.സുധാകരന് വൻ ലീഡിന് വഴിയൊരുക്കിയിരുന്നു. സെക്രട്ടറി വരുമ്പോൾ സംഘടന ഉഷാറായി ചലിക്കും. പാർട്ടി വോട്ടെല്ലാം വീഴുമെന്ന് സിപിഎമ്മിന് ഉറപ്പ്. മികച്ച സംഘാടകനായ എംവി ജയരാജന്‍റെ വ്യക്തിബന്ധങ്ങൾ വോട്ടാകുമെന്നതും മറ്റൊരു പ്രതീക്ഷ.

എതിർ സ്ഥാനാർത്ഥിയായി കെ സുധാകരൻ തന്നെയും, അതല്ല പുതുമുഖം വന്നാലും എതിരിടാൻ ഒരുപോലെ യോഗ്യനാണ് ജയരാജനെന്ന വിലയിരുത്തൽ. എ കെ ജി മുതൽ എംവി രാഘവൻ വരെയുളളവരുടെ ഓർമകളിൽ പൂക്കളർപ്പിച്ചാണ് കൂത്തുപറമ്പ് വെടിവെപ്പ് കാലത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ജയരാജൻ പ്രചാരണം തുടങ്ങിയത്. ജില്ലാതലത്തിൽ നിന്ന് മുതിർന്ന നേതാവിനൊരു പ്രൊമോഷനും ആലോചനകളിൽ വന്നട്ടുണ്ടാകണം.

ജയരാജന് പകരമൊരാൾക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകും. വടകരയിൽ തോറ്റപ്പോൾ പി ജയരാജന് സെക്രട്ടറി സ്ഥാനം തിരിച്ചുനൽകിയില്ല സിപിഎം. മറ്റൊരു ജയരാജന് അതിൽ ഇളവുണ്ടാകുമോ എന്നും ഫലമെതിരായാൽ കണ്ടറിയണം. അതല്ലെങ്കിൽ കണ്ണൂരിലെ സിപിഎമ്മിൽ പുതുതലമുറ നേതൃത്വത്തിനും വഴിയൊരുങ്ങാൻ സാധ്യതയേറെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version