കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. പിന്നാലെ വിശദമായ പരിശോധന. തുടർന്നാണ് വില്ലനെ കണ്ടെത്തിയത്. സർജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട വിരയെ ആണ് കണ്ണിൽ നിന്നും പുറത്തെടുത്തത്.
വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്. രോഗം ബാധിച്ച വളർത്തു മൃഗങ്ങളിൽ നിന്ന് കൊതുകു വഴി വിരയുടെ ലാർവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം. ഈ വിരയുടെ അക്രമണം കാഴ്ച ശക്തിയെ വരെ ബാധിക്കാം, മുൻകരുതലും കൃത്യമായ രോഗം നിർണയവും പ്രധാനം.

