India
കങ്കണയുടെ മുഖത്തടിച്ച കുല്‍വിന്ദര്‍ കൗറിന് കര്‍ഷക സംഘടനകളുടെ പിന്തുണ
നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റനൗട്ട് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ എത്തിയ സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്ന് കര്‍ഷക സംഘടനകള്‍. വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചിരുന്നു. കര്‍ഷ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതോടെയാണ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ രംഗത്തെത്തിയത്.
കര്‍ഷകരെക്കുറിച്ച് വളരെ മോശമായാണ് കങ്കണ സംസാരിക്കുന്നത്. അതുകൊണ്ടാണ് കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ പ്രതികരിച്ചത്. അതിന്റെ പേരില്‍ കുല്വിന്ദറിനോ കുടംബത്തിനോ ബുദ്ധിമുട്ടുണ്ടായാല്‍ സമരം ചെയ്യുമെന്നും സംഘടനകള്‍ പ്രഖ്യാപിച്ചു.
പ്രതിഷേധിച്ച കര്‍ഷകരെക്കുറിച്ച് മോശമായി സംസാരിച്ചതിനാണ് കങ്കണയെ തല്ലിയതെന്ന് കുല്‍വിന്ദര്‍ കൗറും പ്രതികരിച്ചിട്ടുണ്ട്. 100 രൂപയ്ക്കു വേണ്ടി സമരം ചെയ്യുന്നവരാണ് കര്‍ഷകരെന്നാണ് നടി പറഞ്ഞത്. തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുക്കുയാണ്. അതിനാലാണ് പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ വ്യക്തമാക്കി.
ഇന്നലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കങ്കണയ്ക്ക് മര്‍ദ്ദനമേറ്റത്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് തര്‍ക്കവും മര്‍ദ്ദനവുമുണ്ടായത്. വിവരം പുറത്തു വന്നതോടെ സിഐഎസ്എഫ് കുല്‍വിന്ദര്‍ കൗറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കങ്കണ ഔദ്യോഗികമായി പരാതി നല്കിയിട്ടില്ലാത്തതിനാല് പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.