Kerala

‘കാഫിര്‍’ പ്രചരണം ചോദിച്ചപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ പറഞ്ഞ് മറുപടി; നിയമസഭയില്‍ ബഹളം

Posted on

വടകരയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കാഫിര്‍ പ്രചരണം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ സര്‍ക്കാര്‍. ചോദ്യോത്തര വേളയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഈ വിഷയത്തില്‍ ചോദ്യം ഉന്നയിച്ചത്. വിവാദ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെകെ ലതികയ്‌ക്കെതിരെ കേസ് എടുക്കാത്തത് സംബന്ധിച്ചാണ് മാത്യു കുഴല്‍നാടന്‍ ചോദിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ എംബി രാജേഷ് ഇതിന് വ്യക്തമായ മറുപടി പറഞ്ഞില്ല. ലതികയെ പൂര്‍ണമായും ന്യായീകരിച്ച്, വര്‍ഗീയതയ്‌ക്കെതിരായ പോസ്റ്റാണ് ലതിക പങ്കുവച്ചതെന്നും മന്ത്രി മറുപടി നല്‍കി. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും. ഫെയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. എന്നാല്‍ ലതികയ്‌ക്കെതിരായ കേസെടുത്തോയെന്ന് മന്ത്രി പറഞ്ഞതുമില്ല.

ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ആരാണ് പ്രതികള്‍ എന്നും എഫ്‌ഐആര്‍ ഉണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. പ്രാഫൈല്‍ വിവരം ഫെയ്‌സ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു.

വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എംഎല്‍എക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വിഡി സതീശന്‍ ചോദിച്ചു. യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിനിടെ കോട്ടയം കുഞ്ഞച്ചന്‍ പ്രൊഫൈലിലൂടെയുള്ള അശ്ലീല പ്രചരണത്തിനെതിരെ എന്ത് നടപടി എടുത്തു എന്ന് യു.പ്രതിഭ എംഎല്‍എ ചോദിച്ചു. കുഞ്ഞച്ചന്റെ വലിയച്ഛന്‍മാരെ കുറിച്ച് താന്‍ പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോട്ടയം കുഞ്ഞച്ചന്‍ എന്ന പ്രൊഫൈലിലൂടെ വനിതകളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കെ.എസ്.യു പ്രവര്‍ത്തകന്‍ അറിസ്റ്റിലായിരുന്നു. ഇത് ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ഭരണപക്ഷം നീക്കം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version