Kerala

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇനിയും കൂടുതൽ ഉഷാർ!! കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് മന്ത്രി

Posted on

തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും.ഈ മൂന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കെ സ്മാർട്ട് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ സ്മാർട്ട് വിന്യസിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്റ്റ്വെയറുകളും വികസിപ്പിച്ചത്. 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും കെ സ്മാർട്ട് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്, ഇതാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

കെ സ്മാർട്ട് പഞ്ചായത്തുകളിൽ കൂടി വിന്യസിക്കുന്നതോടെ ഇ ഗവേണൻസ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും ദൃശ്യമാവുകയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം തന്നെ ദേശീയ തലത്തിൽ കെ സ്മാർട്ട് ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പഞ്ചായത്ത് ഓഫീസുകളിലെത്താതെ തന്നെ ഓൺലൈനിൽ എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version