Kerala
തൃശ്ശൂരുകാര് കൈവിട്ട മുരളീധരന് വയനാട്ടിലേക്കെത്തുമോ? ആവശ്യം ശക്തം, ചര്‍ച്ച സജീവം
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.
വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മുരളീധരന്റെ സേവനം പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമുണ്ടെന്നും മുരളീധരന് ഉന്നത പദവി നല്‍കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.