Kerala

മാലിന്യപ്രശ്നത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ശരിയല്ല, നഷ്ടപരിഹാരം കൊടുക്കേണ്ടത് റെയിൽവെ: ഗോവിന്ദൻ

Posted on

പത്തനംതിട്ട: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിൽ സർക്കാരും റെയിൽവേയും പരസ്പരം ഏറ്റുമുട്ടരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാലിന്യനിർമാർജ്ജനത്തിന് എല്ലാവരും ചേർന്ന് പ്രവർത്തിക്കണം. അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുന്നത് ശരിയല്ല. പഴയ റെയിൽവേ ബോർഡ് ചെയർമാൻ അല്ല ഇപ്പോഴത്തെ ചെയർമാൻ. സംസ്ഥാനത്തിന്റെ ആവശ്യം പെട്ടെന്നൊന്നും പരിഗണിക്കില്ല. നഷ്ടപരിഹാരം യഥാർത്ഥത്തിൽ കൊടുക്കേണ്ടത് റെയിൽവെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പിഎസ്‍സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതിലും ഗോവിന്ദൻ പ്രതികരിച്ചു. വെറുതെ പാർട്ടി നടപടി എടുക്കില്ല. തങ്ങൾക്ക് തങ്ങളുടെതായ നിലപാടുണ്ട്. പുറത്താക്കാനുള്ള കാരണം പാർട്ടിക്കകത്ത് പറയേണ്ടതാണ്, അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ നിരവധിപേർ പാർട്ടിയിലേക്ക് വരുന്നുണ്ട്. ബിജെപി ആർഎസ്എസിൽ നിന്നാണ് ആളുകൾ വരുന്നത്. ഇപ്പോൾ പാർട്ടിയിലേക്ക് വന്നവർ ബിജെപി ആർഎസ്എസ് തനി സ്വരൂപങ്ങൾ ആയിരിക്കും. ഇവരെ കമ്മ്യൂണിസ്റ്റാക്കി രൂപപ്പെടുത്താൻ സമയമെടുക്കും. അവരാരും ഒരു ദിവസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആകില്ല. വന്നവർ പാർട്ടി ആയിട്ടില്ല, പാർട്ടിയിലേക്ക് വന്നു എന്നതേയുള്ളൂ. ഇപ്പോൾ പാർട്ടിയിലേക്ക് വന്നവരും പാർട്ടിക്കാരും തമ്മിൽ നേരത്തെ സംഘർഷം നടന്നിട്ടുണ്ട്. പാർട്ടിയിലേക്ക് വന്നവരെ നല്ലത് പോലെ തിരുത്തും. ഇതിന് സമയമെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിലേക്കത്തിയ ബിജെപി പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയ കേസിൽ പ്രതികളാണെന്നത് വലിയ വിവാദമായിരുന്നു.

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്ല രീതിയിൽ തോറ്റുവെന്ന് എം വി ​ഗോവിന്ദൻ വീണ്ടും ആവർ‌ത്തിച്ചു. കേന്ദ്രത്തിൽ ബിജെപിയെ താഴെയിറക്കണം എന്ന് മാത്രമേ വോട്ടർമാർ ചിന്തിച്ചുള്ളൂ. കണ്ണുമടച്ച് കോൺഗ്രസിന് ജനം വോട്ട് ചെയ്തു. സ്ഥാനാർത്ഥി ആരെന്ന് പോലും ജനം നോക്കിയില്ല. വിജയത്തിൽ യുഡിഎഫ് അഹങ്കരിക്കേണ്ട. എസ്ഡിപിഐ പോപ്പുലർഫ്രണ്ട് വോട്ടുകൾ കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. കോൺഗ്രസിൻ്റെ വോട്ട് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ ഇടതിന് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 16228 വോട്ട് കൂടുതൽ കിട്ടി. കോൺഗ്രസിന് തൃശൂരിൽ വോട്ട് കുറയുകയാണുണ്ടായത്. കോൺഗ്രസുകാർ പരസ്പരം കൂടോത്രം ചെയ്യുന്നുവെന്നും കൂടോത്രം ശുദ്ധ അസംബന്ധമാണെന്നും ശാസ്ത്ര ബോധത്തോടെ കേരളത്തെ നയിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version