Kerala

ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ്; പരിഹാസവുമായി ജോയ് മാത്യു

Posted on

അന്യന്റെ വാക്കുകളിലെ നിലവിളി കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന വിമർശനവുമായി നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

മരണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച്‌ അരുണാചലില്‍പ്പോയി ഹരാകീരി (ശരീരത്തില്‍ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന’ കാലമായ കമ്മ്യൂണിസമെന്ന ഗോളാന്തര കെട്ടുകഥയിലേക്ക് സ്വയം പൊട്ടിച്ചിതറിയ ബോംബ് നിർമ്മാണ തൊഴിലാളികളും യാഥാർത്ഥത്തില്‍ ഒരേ അന്ധവിശ്വാസത്തിന്റെ ഇരുവശങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം .

എന്നാല്‍ അങ്ങിനെയല്ല.
പുനർജന്മമോഹികള്‍ സ്വയംഹത്യ ചെയ്തതാണെങ്കില്‍ രണ്ടാമത്തെ കൂട്ടർ അന്യന്റെ വാക്കുകളിലെ സംഗീതമല്ല നിലവിളിയാണ് കേള്‍ക്കാൻ ഇഷ്ടപ്പെടുന്നത് എന്നിടത്താണ് പ്രശനം.രണ്ടുകൂട്ടർക്കും ഒരു കാര്യത്തില്‍ മാത്രമാണ് യോജിപ്പുള്ളത് ,ഭൂമിയെന്ന ഈ സുന്ദര ഗോളത്തില്‍ ജീവിക്കാൻ ഇരുകൂട്ടർക്കും താല്‍പ്പര്യമില്ല എന്നതാണത് .

ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതും.
ഒരാള്‍ക്ക് ഒരു ജീവിതമേയുള്ളൂവെന്നും
പൊട്ടിച്ചിതറുന്നതിലൂടെ
നഷ്ടപ്പെടുന്നത് അവരുടെ നല്ല നാളെകളാണെന്നും ലഹരി അടിമകളായ ഈ ചുടുചോറുവാരികള്‍ക്ക് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് സഹപാഠിയെ തൂക്കിലേറ്റാനും അയല്‍ക്കാരനെ ബോബെറിഞ്ഞുകൊല്ലാനും ഇവർ മടിക്കാത്തത്.

ലോകത്ത് എവിടെ യുദ്ധം നടന്നാലും ഈ ലഹരിക്കൂട്ടം നമ്മുടെ നാട്ടില്‍ സമാധാന യാത്രകള്‍ നടത്തും.കവികള്‍ കവിതയെഴുതി പത്രമാസികകളും സ്വന്തം പള്ളയും നിറയ്‌ക്കും .പാർട്ടി വാലാട്ടികളായ അക്കാദമിക് ബുജികളും സ്ത്രീ വാദികളും പ്രഭാഷണ പരമ്ബരയുമായി തെക്കുവടക്ക് പായും.അത് അവരുടെ ലാഭത്തിന്റെ കണക്ക്.എന്നാല്‍ നഷ്ടത്തിന്റെ കണക്കെടുത്തലോ അത് കൈപ്പത്തി അറ്റുപോയവന്റെയും പൊട്ടിച്ചിതറി മരണംപൂകിയവന്റെയും വീട്ടുകാർക്ക് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version