Kerala
ജസ്‌നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരി
കോട്ടയം: ജസ്‌നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരി. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.
രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. അന്വേഷണം ശക്തമായി തുടരുന്നുവെന്ന് സിബിഐ സംഘവും പ്രതികരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സിബിഐ നടപടി.
കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജസ്‌ന ഒരു യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ‘ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്’ എന്നായിരുന്നു വെളിപ്പെടുത്തൽ.