India
ജപ്പാന് ഭൂകമ്പം: മരണം 24 ആയി
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോർട്ടുകൾ.. നിരവധി പേര് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി പോരാട്ടത്തിലാണെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയർ ക്രാഫ്റ്റുകൾ സജ്ജമാക്കിയതായി ജപ്പാൻ പ്രതിരോധമന്ത്രി അറിയിച്ചു.