Kerala

നിയാസിന് ജീവനായിരുന്നു ജീപ്പ്, ജീവിതവും;വാഹനം വാങ്ങാനുള്ള മുഴുവന്‍ പണവും നല്‍കും: യൂത്ത് കോണ്‍ഗ്രസ്

Posted on

കല്‍പ്പറ്റ: സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ച ജീപ്പ് ഉരുള്‍പൊട്ടലില്‍ നശിച്ച നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന ‘വായ്പ്പാടന്‍’ എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്. ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് സഹായഹസ്തവുമായി എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണിലൂടെ അറിയിച്ചു.

നിയാസിന് വാഹനത്തോടുള്ള വൈകാരികത നമുക്ക് മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നുമാണ് രാഹുല്‍  അറിയിച്ചത്. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും പകുതി പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

‘ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വണ്ടിയായിരുന്നു. മൂന്നരകൊല്ലത്തിനടുത്തായി വണ്ടിയെടുത്തിട്ട്. പതുക്കെ ഓടി ലോണ്‍ അടച്ച് തീര്‍ന്നുവന്നതേയുള്ളൂ. എനിക്ക് വാഹനം വാങ്ങാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ എട്ടനാണ് വാങ്ങിതന്നത്. തകര്‍ന്ന വണ്ടിയിലേക്ക് എനിക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. വീടും ഇല്ല. കൂടെപിറപ്പിനെപ്പോലെയായിരുന്നു വണ്ടി. അതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ സങ്കടമാണ്. വണ്ടി കൂടെ ഉണ്ടായിരുന്നപ്പോള്‍ ഒരു സമാധാനമായിരുന്നു’ എന്നായിരുന്നു കോഫി വിത്ത് അരുണിൽ നിയാസിൻ്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version