India
പതിനേഴാമത് ഐപിഎല്ലിന് ഇന്ന് തുടക്കമാകും
ചെന്നൈ: പതിനേഴാമത് ഐപിഎല്ലിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് രാത്രി എട്ടുമണിക്ക് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന് ആരംഭമാകും. പത്തു ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കാനെത്തുന്നത്.
പതിനേഴാമത് ഐ.പി.എലാണിത്. പത്തുടീമുകൾ മത്സരിക്കുന്നു. ആകെ 72 മത്സരം. അഞ്ചുടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് കളി. ഓരോ ടീമും ഗ്രൂപ്പിലെ ഓരോ ടീമിനെതിരേയും രണ്ടുവട്ടം (ഹോം ആൻഡ് എവേ) കളിക്കും. അടുത്തഗ്രൂപ്പിലെ ടീമുമായി ഒരുതവണയും. പ്രാഥമികഘട്ടത്തിൽ ഓരോ ടീമിനും 14 മത്സരം. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാലു ടീം നോക്കൗട്ടിലെത്തും. ചെന്നൈ സൂപ്പർ കിങ്‌സാണ് നിലവിലെ ജേതാക്കൾ.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആദ്യ 21 മത്സരങ്ങളുടെ ഫിക്‌സ്ചർ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ശേഷിക്കുന്ന മത്സരങ്ങൾ വിദേശത്ത് നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) അത് നിഷേധിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരക്രമം വൈകാതെ പ്രഖ്യാപിക്കും. മേയ് അവസാനമായിരിക്കും ഫൈനൽ.
ടീമുകൾ
ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ്.