Entertainment
അനശ്വര കലാകാരൻ ഇന്നസെന്റ് വിട്ട് പിരിഞ്ഞിട്ട് ഒരാണ്ട്
മലയാള സിനിമയ്ക്ക് ചിരിയുടെ വസന്തം സമ്മാനിച്ച അതുല്യ കലാകാരനാണ് ഇന്നസെന്റ്. ആ അനശ്വര കലാകാരൻ നമ്മെ വിട്ട് പോയിട്ട് ഒരാണ്ട് ആയിരിക്കുകയാണ്. മാന്നാർ മത്തായി, കിട്ടുണ്ണി, കെ കെ ജോസഫ്, ഡോ. പശുപതി, സ്വാമി നാഥൻ..തുടങ്ങി അദ്ദേഹം ചെയ്തുവച്ചതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ്.
അദ്ദേഹം സ്ക്രീനിൽ മനോഹരമാക്കിയ ഓരോ കഥാപാത്രവും ഇന്നസെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ നമുടെ മനസ്സിൽ ഒരു റീലായി കടന്ന് പോകും. ആ മലയാള സിനിമയ്ക്ക് തീരാ നോവ് സമ്മാനിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.
ഇന്നസെന്റ് എന്ന പേര് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒട്ടേറെ തമാശകളും ഭാവങ്ങളും സംഭാഷണങ്ങളുമാണ്. അത്രയ്ക്ക് ആത്മബന്ധം ഇന്നച്ചനുമായി മലയാളികൾക്ക് ഉണ്ടായിരുന്നു. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠമായിരുന്നു. പേരിലുള്ള നിഷ്കളങ്കത സിനിമയ്ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. ആ അദ്ദേഹത്തോടൊപ്പം മലയാളികൾ ചിരിച്ചത് 50 വർഷങ്ങളാണ്.
ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റെ എട്ടാം ക്ലാസുകാരനായ മകൻ, നർമ്മത്തിൽ ഫുൾ എ പ്ലസുകാരനായ കഥ സിനിമയെ പോലും വെല്ലുന്നതായിരുന്നു. കോടമ്പാക്കത്തെ കണ്ണീരും കയ്പും നിറഞ്ഞ കാലം താണ്ടിയാണ് ഇന്നസെന്റ് എന്ന വ്യക്തി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. 1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു തുടക്കം.
സിനിമയിൽ പിന്നീട് അവസരങ്ങളൊന്നും കിട്ടാതായപ്പോൾ തീപ്പെട്ടി കമ്പനിയും ലെതർ ബാഗ് കച്ചവടവും ഒക്കെ അദ്ദേഹം പരീക്ഷിച്ചു. പക്ഷേ അവയൊന്നും മെച്ചപ്പെട്ടില്ല. ഒടുവിൽ ഒരു നിർമാണ കമ്പനി തുടങ്ങി. സ്വന്തമായി നിർമ്മിച്ച ഇളക്കങ്ങളിലെ കറവക്കാരന്റെ വേഷം വഴിത്തിരിവായി. ഒടുവിൽ 1989ൽ റാം ജിറാവു സ്പീക്കിംഗ് ഇറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മറുപേരായി ഇന്നസെന്റ് മാറുക ആയിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
അഭിനയജീവിതം ആരംഭിക്കുമ്പോൾ വർഷം മൂന്ന് സിനിമകൾ മാത്രം ആയിരുന്നു ഇന്നസെന്റ് ചെയ്തത്. എന്നാൽ 90കളായപ്പോഴേക്കും കഥ മാറി. വർഷം 40 ചിത്രങ്ങളിൽ വരെ ഇന്നച്ചൻ അഭിനയിച്ചു. ജീവിതത്തിൽ കണ്ടുമുട്ടിയ മുഖങ്ങളെല്ലാം ഇന്നസെന്റ് കഥാപാത്രങ്ങളിലേക്ക് പകർത്തി. പൊൻമുട്ടയിടുന്ന താറാവ്, കിലുക്കം, മിഥുനം, കല്യാണരാമൻ തുടങ്ങി മലയാളക്കര ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന മിക്ക കോമഡി രംഗങ്ങളും അദ്ദേഹത്തിന്റെ തന്നെ സംഭാവനകളായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും അച്ഛനായും എല്ലാം ഇന്നസെന്റ് തിളങ്ങി.
അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം കൊണ്ടുനടന്ന ആളാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെയാണ് ഏവരും പതറിപ്പോകുന്ന ഒരുരോഗത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ഇന്നസെന്റ് ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ ഒരു പുസ്തകം എഴുതിയതും. സിനിമയ്ക്ക് പുറത്ത് അദ്ദേഹം പറഞ്ഞതൊന്നും വെറും നര്‍മ്മമായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളൊക്കെ നര്‍മ്മത്തിന്റെ ചെറിയ ചിമിഴുകളില്‍ ഒളിപ്പിച്ച് അദ്ദേഹം അവതരിപ്പിക്കുക ആയിരുന്നു. ആ നർമ്മങ്ങൾ ഒപ്പമുള്ളവർക്ക് തമാശയും ചിന്തയും സമ്മാനിച്ചിരുന്നു.
നടൻ എന്ന നിലയിൽ മാത്രമല്ല, മികച്ച രാഷ്ട്രീയക്കാരനും കൂടിയാണ് താനെന്ന് ഇന്നസെന്റ് തെളിയിച്ചിരുന്നു. 2014ൽ ഇടത് സ്വതന്ത്രനായി ലോക്സഭയിലേക്ക് എത്തി. പാർലമെന്റിൽ മലയാളത്തിൽ പ്രസംഗിച്ചും അർബുദ രോഗികൾക്കായി പ്രത്യേക പദ്ധതികളാവിഷ്കരിച്ചുമൊക്കെ എംപിയായും ശ്രദ്ധേയനായി.