Kerala

പ്രസവംനിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായ യുവതി ഗുരുതരാവസ്ഥയിൽ

Posted on

ആലപ്പുഴ: പ്രസവംനിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായ യുവതി ഗുരുതരാവസ്ഥയിൽ. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ശരത്തിന്റെ ഭാര്യ ആശാ ശരത് (36) ആണ് ആലപ്പുഴ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്നത്. സംഭവത്തിന് പിന്നിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വകാര്യ മെഡിക്കൽസ്റ്റോറിൽ ഫാർമസിസ്റ്റാണ് ആശ. വെള്ളിയാഴ്ച രാവിലെയാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെതന്നെ ശസ്ത്രക്രിയ തുടങ്ങി. പെട്ടെന്നാണ് രോഗി അസ്വസ്ഥത കാണിച്ചത്. ഡോക്ടർമാരുടെ സംഘം ചികിത്സനൽകിയെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കൾ പ്രതിഷേധിച്ചതോടെ അരമണിക്കൂറിനുശേഷം ആശയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ലാപ്രോസ്കോപിക് സർജറിക്ക് സാധാരണ സങ്കീർണതകളുണ്ടാകാറില്ല. അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിനൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുമുൻപുള്ള പരിശോധനയിൽ സങ്കീർണതയൊന്നുമുണ്ടായില്ലെന്നും പിന്നീടാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഇതിനുമുമ്പും ആശുപത്രിക്കെതിരേ പരാതി ഉയർന്നിട്ടുണ്ട്. 2023 സെപ്റ്റംബറിൽ പ്രസവശസ്ത്രക്രിയക ഴിഞ്ഞ കുമരകം സ്വദേശിനി രജിത മരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ബോധം നഷ്ടമായ രജിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അന്ന് ഹൃദയസ്തംഭനമാണു കാരണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version