Kerala
വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം
കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം. പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്.
ഇന്നലെ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വേങ്ങൂര്‍ കരിയാംപുറം സ്വദേശി കാര്‍ത്യായനി മരിച്ചിരുന്നു. മൂന്നാഴ്ചയായി ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ വേങ്ങൂര്‍ പഞ്ചായത്തില്‍ 208 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.
ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവര്‍ക്കാണ് രോഗം ബാധിച്ചതെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വേങ്ങൂര്‍ വക്കുവളളി സ്വദേശിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴ സ്വദേശിക്കുമാണ് മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് നേരത്തേ ജീവന്‍ നഷ്ടമായത്.
രോഗം പടര്‍ന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആര്‍ഡി.ഒയുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായതിന്റെ കാരണവും രോഗം പടര്‍ന്നുപിടിക്കുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.