Kerala

ഞങ്ങളാരും വായിച്ചില്ല, പുറത്തു വിടരുതെന്ന് ആദ്യം പറഞ്ഞത് ജസ്റ്റിസ് ഹേമ; റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ആലോചിക്കുമെന്ന് സജി ചെറിയാന്‍

Posted on

പത്തനംതിട്ട: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളിലേക്ക് പോകേണ്ട കാര്യമുണ്ടെങ്കില്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടില്‍ സ്ത്രീവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നതായി പറയുന്നുവെന്ന് മാധ്യമങ്ങളില്‍ കണ്ടു. ഇക്കാര്യങ്ങള്‍ നാളെ ചര്‍ച്ച ചെയ്യും. എന്താണ് അതില്‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ എന്നു പരിശോധിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്നും രഹസ്യസ്വഭാവമുണ്ടെന്നും ആദ്യം കത്തെഴുതിയത് ജസ്റ്റിസ് ഹേമ തന്നെയാണ്. മാത്രമല്ല അന്നത്തെ വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് നിര്‍ദേശിച്ചു. അപ്പോള്‍ സര്‍ക്കാരെന്തു ചെയ്യും ?. ഹൈക്കോടതി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള വിലക്ക് നീക്കിയപ്പോള്‍ സര്‍ക്കാര്‍ അത് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് ഞങ്ങളാരും വായിച്ചില്ല. രഹസ്യസ്വഭാവമുള്ളതിനാല്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കസ്റ്റഡിയിലേക്ക് പോകുകയായിരുന്നു.

ഇത് ഏതെങ്കിലും കാരണവശാല്‍ പുറത്തു വന്നാല്‍ സര്‍ക്കാരിനെയോ, അല്ലെങ്കില്‍ മറ്റു രൂപത്തില്‍ രാഷ്ട്രീയമായോ മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍, അല്ലെങ്കില്‍ ഇതില്‍ നിന്നും എന്തെങ്കിലും ഭാഗം കിട്ടുമോയെന്ന് നോക്കി നടക്കുന്നവര്‍ ഉപദ്രവം ഉണ്ടാക്കുമെന്ന് ഭയമുള്ളതിനാലാണിത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ നോക്കിയാല്‍ മതിയെന്ന് നിലപാടെടുത്തു. ഒരു ഹര്‍ജി പരിഗണിച്ച്, മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സെന്‍ എം പോള്‍ ആണ് ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഉത്തരവിട്ടത്.

ഈ ഉത്തരവും ജസ്റ്റിസ് ഹേമ നല്‍കിയ കത്തും പരിഗണിച്ച് ഒരു മാന്യത കാണിച്ച സര്‍ക്കാരാണിത്. ഇത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ ആരെയെങ്കിലും ടോര്‍ച്ചര്‍ ചെയ്യാനോ ഉപയോഗിച്ചിട്ടില്ല. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച 24 നിര്‍ദേശങ്ങളും നിഗമനങ്ങളും നടപ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡബ്ലിയുസിസി, അമ്മ ഭാരവാഹികള്‍, ടെക്‌നീഷ്യന്‍മാര്‍ അടക്കം എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി സിനിമാനയം രൂപീകരിക്കണമെന്ന് തീരുമാനിച്ചു. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version