Kerala
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ ആര്‍ദ്രത 55 മുതല്‍ 65 ശതമാനം പരിധിയിലായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന ചൂടോടുകൂടിയ അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്കും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി.