India
ദില്ലിയിൽ തിരക്കേറിയ ഫ്ലൈ ഓവറിൽ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം
ദില്ലി: തിരക്കേറിയ ഫ്ലൈ ഓവറിൽ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ദില്ലിയിലാണ് സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കൻ ദില്ലിയിലെ മീറ്റ് നഗർ ഫ്ലൈ ഓവറി ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകൽ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്സ്പെക്ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്. ദില്ലി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ.
മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശർമയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാരന് നേരെ വെടിയുതിർത്തതിന് പിന്നാലെ ഇയാൾ നടത്തിയ വെടിവയ്പിൽ അമിത് കുമാർ എന്ന 30കാരനും പരിക്കേറ്റിട്ടുണ്ട്. 44കാരനായ അക്രമി ഒരു ഓട്ടോറിക്ഷയിൽ കയറി ഇരുന്ന ശേഷം ഓട്ടോ ഡ്രൈവർക്ക് നേരെയും വെടിവയ്ക്കാൻ ശ്രമിച്ചു.
ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങിയതിനാൽ വെടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 7.65 എംഎം പിസ്റ്റളും തിരകളും കാലിയായ തിരകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കൊലപാതക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.