Kerala
ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക്! ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപൻ സ്വാമിയെ നാട്ടുകാരറിയാതെ നേരത്തേ തയ്യാറാക്കിയിരുന്ന പീഠത്തിൽ വീട്ടുകാർ സമാധിയിരുത്തിയത്. ഇതു വിവാദമായതിനെ തുടർന്നാണ് പോലീസ് സമാധിസ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. നേരത്തേ പോലീസ് പൊളിച്ച സമാധിസ്ഥലത്ത് കൂടുതൽ വലിപ്പത്തിൽ വീട്ടുകാർ പുതിയ സമാധിപീഠം നിർമിച്ചു. ഋഷിപീഠമെന്നു പേരിട്ടിരിക്കുന്ന ഇവിടം തീർത്ഥാടനകേന്ദ്രമാക്കുമെന്ന് വീട്ടുകാർ അറിയിച്ചു.