Kerala
‘സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, ആഘോഷിക്കേണ്ട; അടുത്ത തവണ ജയിക്കില്ല, എഴുതിവെച്ചോ’- വീഡിയോ
കൊച്ചി: സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, അതുകൊണ്ട് എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന് ചോദിച്ചു.ഒരു സീറ്റ് കിട്ടിയപ്പോള്‍ വലിയ ആഘോഷമല്ലേ നടത്തുന്നത്. അങ്ങനെ ആഘോഷിക്കേണ്ട കാര്യം എന്താണ്? വലിയ സംഭവമായി അവര്‍ക്ക് വേണമെങ്കില്‍ ആഘോഷിക്കാം. അവര്‍ക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം കിട്ടുമ്പോള്‍ ഒരു സന്തോഷമുണ്ടാകുമെന്ന് സുധാകരന് പരിഹസിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്.
‘ഹിന്ദുവര്‍ഗീയതയെ എല്ലാവരും യോജിച്ച് നിന്ന് ചെറുക്കേണ്ടതിന്റെ പ്രാധാന്യമാണിത്. ഇപ്പോഴും 79 ശതമാനം വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. 19 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് കിട്ടിയത്. തൃശൂര്‍ പോട്ടെ. അടുത്ത തവണ അദ്ദേഹത്തിന് എന്തുകിട്ടും അവിടെ? അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല. എഴുതിവെച്ചോ’ – ജി സുധാകരന് പറഞ്ഞു.
‘ബിജെപിക്ക് എന്താണ് സന്തോഷിക്കാനുള്ളത്. പറയൂ. ബംഗാളില്‍ സീറ്റ് പോയില്ലേ. 17 സീറ്റ് 12 ആയില്ലേ. ജനസംഖ്യയില്‍ 18 കോടി വരും മുസ്ലീങ്ങള്‍. ഇവരില്‍ 16 കോടി മുസ്ലീം വോട്ടര്‍മാരില്‍ ഒറ്റ വോട്ട് പോലും ബിജെപിക്ക് കിട്ടിയിട്ടില്ല. 16 കോടി വോട്ട് വേണ്ട എന്ന് പറയുന്നത് മണ്ടത്തരമല്ലേ? അവര്‍ ഹിന്ദു വര്‍ഗീയതയുടെ കനം കുറച്ച് അവര്‍ ആര്‍എസ്സിന്റെ പ്രൊഡക്ട് ആണ് എന്ന ചിന്താഗതിയൊക്കേ മാറ്റിവെച്ച് ഭരണഘടന അനുസരിച്ച് നല്ലകാര്യങ്ങള്‍ ചെയ്താലോ? അത് ചെയ്തില്ലല്ലോ. കിട്ടിയ അവസരങ്ങള്‍ ഒന്നും ചെയ്തില്ല. എന്തെങ്കിലും പഠിക്കുന്നുണ്ടോ മോദി? ഇവിടെ കര്‍ഷക തൊഴിലാളി പെന്ഷന് കൊടുത്തൂ. ഈ രാജ്യത്തെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്ഷന് കൊടുക്കുന്ന കാര്യം അദ്ദേഹത്തിന് ചിന്തിക്കാന്‍ പറ്റുമോ? തൊഴിലില്ലായ്മ വേതനം ഇന്ത്യ മുഴുവന്‍ കൊടുക്കുന്നുണ്ടോ മോദി? കേരളത്തില്‍ കൊടുത്തില്ലേ. ഇത്തരത്തില്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അദ്ദേഹം നടപ്പാക്കിയില്ല. മോദിയെ താഴെ ഇറക്കുന്നതിന് പറ്റിയ സുവര്‍ണാവസരമായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതില്‍ കുറച്ച് താഴോട്ട് പോയി’- സുധാകരന് കൂട്ടിച്ചേര്‍ത്തു.