India

25കാരനെ 60കാരനാക്കുന്ന ഇസ്രയേൽ ടൈം മെഷീൻ; പുറത്തായത് 35 കോടിയുടെ തട്ടിപ്പ്

Posted on

ഇസ്രയേൽ നിർമിത ടൈം മെഷീൻ വഴി പ്രായം കുറയ്ക്കാനാവുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. യുപി കാൺപൂർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് ഇത്തരത്തിൽ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ചത്. യുവാക്കളാവാൻ എത്തിയ നൂറുകണക്കിന് ആളുകളിൽ നിന്നായി 35 കോടി രൂപയാണ് ദമ്പതികൾ തട്ടിയെടുത്തത്.

കിദ്വായ് നഗറിൽ റിവൈവൽ വേൾഡ് (Revival World) എന്ന പേരിൽ തെറാപ്പി സെൻ്റർ ആരംഭിച്ചായിരുന്നു തട്ടിപ്പ്. ഇസ്രയേലിൽ നിന്ന് ഒരു യന്ത്രം കൊണ്ടുവരും, അത് 60വയസുകാരനെ 25കാരനാക്കി മാറ്റും എന്നായിരുന്നു ദമ്പതികൾ നൽകിയ ഉറപ്പ്.അന്തരീക്ഷ മലിനീകരണം വഴി ആളുകൾ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് എത്തുന്നു. അതിനാല്‍ ഓക്സിജൻ തെറാപ്പി വഴി മാസങ്ങൾക്കുള്ളിൽ ചെറുപ്പക്കാരാക്കാം എന്നാണ് ഇവർ ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്.

10.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് രേണു സിംഗ് എന്നയാൾ പോലീസിൽ പരാതി നൽകിയതോടെ ദമ്പതികൾ ഒളിവിൽ പോകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പ് പ്രകാരം ദമ്പതികൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version