Kerala
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ
പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറിൽ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാൾ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചു.
തെളിവിനായി മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ ഇയാൾ കിഷോറിനെ കാണിച്ചിരുന്നു. കൂടാതെ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രിക്ക് പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തതിന്റെ സ്ക്രീൻഷോട്ടും ആനന്ദ് കിഷോറിന് കൈമാറിയിരുന്നു.