India
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കം ഒമ്പത് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി
വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇന്ന് അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി വന്നു.ഒരു ഡസനിലേറെ വ്യാജ ബോംബ് ഭീഷണികളാണ് ഈ ആഴ്ച വന്നത്.
ഒക്ടോബര്‍ 14ന് നാല് വിമാനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ ഒരു കൗമാരക്കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടുകയും ചെയ്തു. പക്ഷെ ആരെന്ന് അറിയാതെ തന്നെ ഇത്തരം വ്യാജഭീഷണികള്‍ തുടരുകയാണ്. നാല് ദിവസങ്ങള്‍ക്കിടെ 20 ഓളം ഇന്ത്യന്‍ വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി വന്നത്.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ലാന്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് ബോംബ് ഭീഷണി വന്നത്. ഈ സമയം ഈസ്റ്റ് ഇംഗ്ലണ്ടിന് മുകളിലായിരുന്നു വിമാനം. ഇതേ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഓണ്‍ ബോര്‍ഡ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യുകെ സമയം ഉച്ചയ്ക്ക് 12നാണ് വിമാനം ലണ്ടനില്‍ ഇറങ്ങേണ്ടിയിരുന്നത്. ലാന്റിങിന് ഒരു മണിക്കൂര്‍ മുമ്പാണ് എയര്‍ഇന്ത്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് അടിയന്തിരാവസ്ഥ പിന്‍വലിച്ച് ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് 147 യാത്രികരുമായി പോയ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയ ഉടന്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇസ്താംബൂളില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് നേരെയും ഭീഷണി വന്നു. വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.