Kerala
മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
പാലക്കാട്: മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്.
കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. കനത്ത ചൂടായതിനാല്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച് സീലിങ് അടച്ചിരുന്നു. കാലപഴക്കം ചെന്ന വയറിങ് ആയതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പ്രാഥമിക കാരണമെന്നാണ് കരുതുന്നത്.
വയറിങ് സംവിധാനം കത്തിയപ്പോള്‍ സീലിങ്ങിലുള്ള തെങ്ങോലയും കവുങ്ങിന് പട്ടയും കത്തുകയായിരുന്നു. രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.