Crime
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: യുവാവിന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഈട്ടിക്കൽ വീട്ടിൽ വികാസ് മാത്യു (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 ൽ പത്തനംതിട്ട സ്വദേശിയായ യുവാവിൽ നിന്നും പോർച്ചുഗലിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3,50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വെരിഫിക്കേഷനുവേണ്ടി ഇയാൾ വ്യാജ ഡോക്യുമെന്റ് നിർമിച്ച് യുവാവിന് നൽകുകയും ചെയ്തു. പിന്നീട് പരിശോധനയിൽ ഇത് വ്യാജ ഡോക്യുമെന്റ് ആണെന്ന് കണ്ടെത്തുകയും വിസ ലഭിക്കാതിരിക്കുകയുമായിരുന്നു. തുടർന്ന് യുവാവ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ ദിലീപ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, ദിലീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.